അയർലണ്ടിലെ വിപ്ലവ സ്പിരിറ്റ് ‘മഹാറാണി’ – നിങ്ങൾക്കറിയാമോ ഈ കഥ? • Tech Travel Eat


“മഹാറാണി” ഈ പേരിൽ ഒരു മദ്യമോ? അതും അങ്ങ് അയർലണ്ടിൽ… സംഭവം സത്യമാണ്. മലയാളിയായ ഭാഗ്യലക്ഷ്മിയും അയർലണ്ടുകാരനായ ഭർത്താവ് റോബർട്ടും ചേർന്ന് പുറത്തിറക്കിയ ഒരു ജിൻ ആണ് ‘മഹാറാണി.’ അയർലന്റിലെ കോർക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നതും, ഈ ജിൻ ഉൽപ്പാദിപ്പിക്കുന്നതും.

സാധാരണ മദ്യക്കുപ്പികളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകൾ മഹാറാണിയ്ക്ക് ഉണ്ട്. മഹാറാണിയുടെ കുപ്പിയിൽ സൂക്ഷിച്ചു നോക്കിയാൽ താഴെ ഭാഗത്ത് മലയാളത്തിൽ ‘വിപ്ലവ സ്പിരിറ്റ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. മറുഭാഗത്ത് ‘വിപ്ലവ വനിതകൾക്ക് ഞങ്ങളുടെ ആദരം’ എന്ന് ഇംഗ്ലീഷിൽ. അതിന് താഴെയായി- സത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് കേരളിയൻ റിബൽ സ്പിരിറ്റെന്നും ഇത് ശക്തിക്കും കരുത്തിനും പേരുകേട്ട കേരളീയ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

കൊല്ലം കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവ് വാസവന്റെയും വിമലയുടെയും മകളാണ് ഭാഗ്യലക്ഷ്മി. മങ്ങാട് ടികെഎം കോളജില്‍ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ഭാഗ്യലക്ഷ്മി ഐടി മേഖലയില്‍ കുറേയെറെ കാലം ജോലി ചെയ്തു. തുടർന്നാണ് എംബിഎ പഠനത്തിനായി അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്. 2013 ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ഭാഗ്യ പഠനശേഷം അവിടെ തന്നെ ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറുകയും ചെയ്തു.

അവിടെ ജോലി ചെയ്തു വരികെയാണ് ഭാഗ്യലക്ഷ്‌മി ഒരു ലിവിംഗ് ടുഗെദർ സൈറ്റിൽ നിന്നും റോബര്‍ട്ടിനെ പരിചയപ്പെടുന്നത്. ഡിസ്റ്റിലറി മേഖലയില്‍ തന്നെ ആയിരുന്നു റോബര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. 2016 ല്‍ റോബര്‍ട്ടുമായി ഭാഗ്യ നാട്ടിലെത്തുകയും വീട്ടുകാരൊക്കെയായി പരിചയപ്പെടുകയുമുണ്ടായി. തിരിച്ചെത്തിയ ശേഷമായിരുന്നു റോബർട്ട് ഭാഗ്യയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഭാഗ്യയുടെ ഭാഗത്തു നിന്നും “യെസ്” പറഞ്ഞതോടുകൂടി വീട്ടുകാരുമായി ആലോചിക്കുകയും, പിന്നീട് നാട്ടിലെത്തി ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെ ഇവരുടെ വിവാഹം നടക്കുകയുമായിരുന്നു.

സ്വന്തമായി ഒരു സംരംഭം എന്ന് സ്വപ്നത്തില്‍ നിന്നാണ് റിബല്‍ സിറ്റി ഡിസ്റ്റലറിയുടെ ആലോചനകള്‍ തുടങ്ങുന്നത്. അയർലണ്ടിലെ ഫുഡ് ബോർഡിന്റെ സഹായത്തോട് കൂടി ആരംഭിച്ച റിബൽ സിറ്റി ഡിസ്റ്റിലറിയിലാണ് ഇവർ മഹാറാണി ജിൻ ഉത്പാദിപ്പിച്ചത്. കേരളത്തിന്റെ സ്വന്തം ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയ ജൈവ കൃഷിയിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് ജിന്‍ ഉണ്ടാക്കുന്നത്.

മഹാറാണിയുടെ കുപ്പിയ്ക്കും ഉണ്ട് പ്രത്യേകതകൾ. കുപ്പി രൂപകൽപന ചെയ്തത് 18 മാസത്തെ നീണ്ട പരിശ്രമത്തിന് ശേഷമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഡിസൈനിംഗ് ടീമിനൊപ്പമുള്ള നിരവധി ചർച്ചകൾക്കൊടുവിലാണ് ഭാഗ്യയും റോബർട്ടും അവസാനം മഹാറാണി കുപ്പിയെ ഇപ്പോൾ കാണുന്ന രൂപത്തിലെത്തിച്ചത്.

49 യൂറോ ആണ് ഒരു ബോട്ടിൽ മഹാറാണിയുടെ വില. അതായത് 4000 നും 4500 നും ഇടയിൽ ഇന്ത്യൻ രൂപ വില വരും. സംഭവം മലയാളിയുടെ ജിൻ ആണെങ്കിലും നമ്മുടെ രാജ്യത്ത് ഇതുവരെ വിൽപ്പനയ്ക്ക് മഹാറാണി എത്തിയിട്ടില്ല. യു.കെ.യിൽ ആമസോൺ വഴിയും മഹാറാണി വാങ്ങാവുന്നതാണ്. മഹാറാണി ജിന്‍ കേരളത്തില്‍ എത്തുമോ? സംഭവം കൊള്ളാം, പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും തന്‍റെ ശ്രമങ്ങള്‍ തുടരുമെന്നും ഭാഗ്യ ആത്മവിശ്വാസത്തോടെ പറയുന്നു.

അയർലാന്റിൽ ഐടി പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്ന ഭാഗ്യയ്ക്ക് കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകൾ എന്നും പ്രചോദനമാണ്. അതുകൊണ്ടു തന്നെയാണ് ഇവരുടെ ബ്രാൻഡിന് മഹാലക്ഷ്മി എന്ന പേരിട്ടത്. പുതിയ സംരംഭങ്ങളിലേക്ക് കൂടുതലായി സ്ത്രീകൾക്ക് ഇറങ്ങിച്ചെല്ലുവാൻ ഭാഗ്യലക്ഷ്മിയും മഹാറാണിയും ഒരു പ്രചോദനമാകട്ടെ.



We will be happy to hear your thoughts

Leave a reply

Som2ny Network
Logo
Compare items
  • Total (0)
Compare
0